ഓള്‍ റൗണ്ട് മികവുമായി അബ്ദുള്‍ നാസര്‍, ബെനിക്സിനെ വീഴ്ത്തി ബോയ്സ് സിസി

Sports Correspondent

സെലസ്റ്റിയൽ ട്രോഫിയിൽ ബെനിക്സിനെ വീഴ്ത്തി 3 വിക്കറ്റ് വിജയവുമായി ബോയ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത ബെനിക്സ് 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് 30 ഓവറിൽ നിന്ന് നേടിയത്. അവസാന പന്തിലാണ് ബോയ്സ് സിസിയുടെ വിജയം. 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടുവാന്‍ വിജയികള്‍ക്ക് സാധിച്ചത്.

ബെനിക്സിനായി 45 റൺസ് നേടിയ സുനിൽ ടോപ് സ്കോറര്‍ ആയപ്പോള്‍ സജിത് 41 റൺസ് നേടി. ബോയ്സ് സിസിയ്ക്കായി റിയാസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഹരിയും അബ്ദുള്‍ നാസറും 2 വീതം വിക്കറ്റ് നേടി. നാസര്‍ വെറും 15 റൺസാണ് തന്റെ ആറോവറിൽ വിട്ട് നൽകിയത്.

ബാറ്റിംഗിലും 47 റൺസ് നേടിയ നാസര്‍ ആണ് ബോയ്സിന്റെ ടോപ് സ്കോറര്‍. സയ്യദ് അഫ്താബ്(27), രവി(24), പ്രശാന്ത്(22) എന്നിവര്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. ബെനിക്സിന് വേണ്ടി ശിവകൃഷ്ണന്‍, സജിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.