സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ സസ്സെക്സിനെതിരെ 10 റൺസിന്റെ വിജയം നേടി മുത്തൂറ്റ് മൈക്രോഫിന്‍. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിന്‍ 28.4 ഓവറിൽ 122 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ സസ്സെക്സ് ക്രിക്കറ്റ് ക്ലബ് 29.3 ഓവറിൽ 112 റൺസിന് പുറത്തായി.
മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടി അനുജ് ജോടിന്‍ 49 റൺസും ഹരികൃഷ്ണന്‍ 34 റൺസും നേടിയപ്പോള്‍ സസ്സെക്സിനായി ബൗളിംഗിൽ ആദിത്യ വിനോദും മുഹമ്മദ് കൈഫും 3 വീതം വിക്കറ്റ് നേടി. 39/5 എന്ന നിലയിലായിരുന്ന മുത്തൂറ്റ് മൈക്രോഫിനിനെ ആറാം വിക്കറ്റിൽ അനുജ് – ഹരികൃഷ്ണന്‍ കൂട്ടുകെട്ട് 55 റൺസ് കൂട്ടി ചേര്‍ത്ത് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഹരികൃഷ്ണന്‍ പുറത്തായ ശേഷം വാലറ്റത്തോടൊപ്പം നിര്‍ണ്ണായക റണ്ണുകള്‍ കൂട്ടിചേര്‍ത്ത അനുജ് അവസാന വിക്കറ്റായാണ് പുറത്തായത്.
സസ്സെക്സിനായി ആദിത്യ വിനോദ് 41 റൺസും അഭിഷേക് 31 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഇവര്‍ക്കായില്ല. ഇബ്നുള്‍ അൽത്താഫ് 4 വിക്കറ്റും അനൂപ് 3 വിക്കറ്റും നേടിയാണ് മുത്തൂറ്റ് മൈക്രോഫിനിന്റെ വിജയം ഉറപ്പാക്കിയത്.
ഒരു ഘട്ടത്തിൽ 8/5 എന്ന നിലയിലായിരുന്ന സസ്സെക്സിനെ ആദിത്യ – അഭിഷേക് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 67 റൺസ് നേടി തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നുവെങ്കിലും ആദിത്യ വിനോദിനെ ടീമിന് ആദ്യം നഷ്ടമായി. അഭിഷേക് പുറത്താകുമ്പോള്‍ 12 റൺസായിരുന്നു ജയത്തിനായി സസ്സെക്സ് നേടേണ്ടിയിരുന്നത്.എന്നാൽ 111/7 എന്ന നിലയിൽ നിന്ന് സസ്സെക്സ് 112 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
അനുജ് ജോടിന്‍ ആണ് കളിയിലെ താരം.