വൈഭവ് സൂര്യവൻഷി ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ജോസ് ബട്ട്‌ലർ

Newsroom

Vaibhavsuryavanshi


പതിന്നാലുകാരനായ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയെ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ച് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2026-ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വൈഭവ് പുറത്തെടുത്ത അവിശ്വസനീയ പ്രകടനത്തിന് പിന്നാലെയാണ് ബട്ട്‌ലറുടെ ഈ പുകഴ്ത്തൽ.

ഫൈനലിൽ വെറും 80 പന്തിൽ നിന്ന് 15 സിക്സറുകളും 15 ഫോറുകളും ഉൾപ്പെടെ 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. യൂത്ത് ഏകദിന ഫൈനലുകളിലോ നോക്കൗട്ട് മത്സരങ്ങളിലോ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. വൈഭവിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ വീണ്ടും ലോകകിരീടത്തിലേക്ക് നയിച്ചു.


മാർക്ക് വുഡുമായി ചേർന്നുള്ള ‘ഫോർ ദ ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിലാണ് ബട്ട്‌ലർ തന്റെ നിരീക്ഷണം പങ്കുവെച്ചത്. പതിനാലാം വയസ്സിൽ വൈഭവ് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിൽ 16-ഓ 18-ഓ വയസ്സിൽ അവൻ എവിടെയെത്തുമെന്ന് ബട്ട്‌ലർ അത്ഭുതം കൂറി. കഴിഞ്ഞ ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച വൈഭവ്, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ തുടങ്ങിയ ലോകോത്തര ബൗളർമാർക്കെതിരെ സെഞ്ചുറി നേടിയ കാര്യവും ബട്ട്‌ലർ അനുസ്മരിച്ചു. വൈഭവ് ഭാവിയിലെ ഒരു സൂപ്പർ താരമാകുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ബട്ട്‌ലർ കൂട്ടിച്ചേർത്തു.

സഹതാരം മാർക്ക് വുഡും വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ചു. താൻ പതിനാലാം വയസ്സിൽ സ്കൂൾ മൈതാനത്ത് മഞ്ഞുകട്ടകൾ കൊണ്ട് കളിക്കുകയായിരുന്നുവെന്നും എന്നാൽ വൈഭവ് ഈ പ്രായത്തിൽ ലോകം കീഴടക്കുകയാണെന്നും വുഡ് തമാശരൂപേണ പറഞ്ഞു. മിക്ക കുട്ടികളും ക്രിക്കറ്റ് താരമാകാൻ സ്വപ്നം കാണുന്ന പ്രായത്തിൽ വൈഭവ് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ്.