രാജസ്ഥാൻ റോയൽസ് വിട്ട് ഗുജറാത്ത് ടൈറ്റൻസിൽ എത്തിയ ജോസ് ബട്ട്‌ലറിനെ സ്വന്തം സഹോദരനെ പോലെയാണ് എന്ന് വിശേഷിപ്പിച്ച് സഞ്ജു സാംസൺ. ബട്ലറിനെ ക്ലബ് വിടാൻ അനുവദിച്ച തീരുമാനം തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളിലൊന്നായിരുന്നു എന്ന് റോയൽസ് ക്യാപ്റ്റൻ സഞ്ജു പറഞ്ഞു.

“ഐപിഎൽ നിങ്ങൾക്ക് ഒരു ടീമിനെ നയിക്കാനും ഉയർന്ന തലത്തിൽ കളിക്കാനും അവസരം നൽകുന്നു, ഒപ്പം അത് നിങ്ങൾക്ക് അടുത്ത സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും അനുവദിക്കുന്നു. ജോസ് ബട്ട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു, ഒരു നീണ്ട ബാറ്റിംഗ് കൂട്ടുകെട്ട് രൂപപ്പെടുത്തി.” സഞ്ജു പറഞ്ഞു
“ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും നല്ല ബന്ധം പുലർത്തി. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയായിരുന്നു,” സാംസൺ പറഞ്ഞു.
“ഞാൻ ക്യാപ്റ്റനായപ്പോൾ, അദ്ദേഹം എന്റെ വൈസ് ക്യാപ്റ്റനായിരുന്നു, ടീമിനെ നയിക്കാൻ എന്നെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെ വിട്ടയയ്ക്കുന്നത് എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. ഐപിഎല്ലിൽ എനിക്ക് ഒരു കാര്യം മാറ്റാൻ കഴിയുമെങ്കിൽ, കളിക്കാരെ വിട്ടയയ്ക്കാനുള്ള നിയമം ഞാൻ മാറ്റും,” അദ്ദേഹം കൂട്ടിച്ചേർത്തു.