ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിൻ്റെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ലസിത് മലിംഗയുടെ റെക്കോർഡിനൊപ്പമെത്തി ജസ്പ്രീത് ബുംറ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കിയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ബുംറയുടെ വിക്കറ്റ് നേട്ടം 170 ആയി.

138-ാം ഐപിഎൽ മത്സരത്തിലാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. ഇതിനുപുറമെ, ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡും ബുംറ സ്വന്തമാക്കി. ഈ നേട്ടത്തിൽ യുസ്‌വേന്ദ്ര ചാഹലിനെയാണ് അദ്ദേഹം മറികടന്നത്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ബുംറയായിരുന്നു (4 ഓവറിൽ 39 റൺസ്). എന്നാൽ 44 പന്തിൽ 71 റൺസുമായി മുന്നേറുകയായിരുന്ന ക്ലാസനെ പുറത്താക്കിയത് നിർണായകമായി.
ഹർഭജൻ സിംഗ് (127 വിക്കറ്റുകൾ), മിച്ചൽ മക്ലെനഗൻ (71), കീറോൺ പൊള്ളാർഡ് (69) എന്നിവരാണ് മുംബൈ ഇന്ത്യൻസിനായി കൂടുതൽ വിക്കറ്റ് നേടിയ മറ്റ് ബൗളർമാർ.