ടെസ്റ്റ്, ഏകദിന, ടി20 ഐ ഫോർമാറ്റുകളിലായി 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ ചരിത്രം കുറിച്ചു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐ മത്സരത്തിൽ 2 വിക്കറ്റ് നേടിയതോടെയാണ് താരം ടി20 ഐയിലെ ഈ നാഴികക്കല്ലിൽ എത്തിയത്. 30 വയസ്സുകാരനായ ഈ പേസർ തന്റെ മൂന്നാം ഓവറിൽ ഡെവാൾഡ് ബ്രെവിസിനെ 22 റൺസിന് പുറത്താക്കി. 2/12 എന്ന മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
നിലവിൽ ബുംറക്ക് 234 ടെസ്റ്റ് വിക്കറ്റുകൾ, 149 ഏകദിന വിക്കറ്റുകൾ, 81 ടി20 ഐകളിൽ നിന്ന് 101 വിക്കറ്റുകൾ എന്നിങ്ങനെയാണ് ഉള്ളത്. ടി20 ഫോർമാറ്റിൽ ഏഴിന് താഴെയാണ് താരത്തിന്റെ എക്കോണമി.
ടിം സൗത്തി, ലസിത് മലിംഗ, ഷാക്കിബ് അൽ ഹസൻ, ഷഹീൻ ഷാ അഫ്രീദി എന്നിവർക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും 100 വിക്കറ്റ് നേടുന്ന ലോകത്തിലെ അഞ്ചാമത്തെ ബൗളറാണ് ബുംറ. ഇന്ത്യക്ക് വേണ്ടി ടി20 ഐയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗിന്റെ (107) പിന്നിൽ മാത്രമാണ് ഇപ്പോൾ താരം.