ബ്രോഡിനെ ഒഴിവാക്കിയത് പിച്ച് പരിഗണിച്ച്

Sports Correspondent

സ്റ്റുവര്‍ട് ബ്രോഡിനെ ഒഴിവാക്കിയത് സൗത്താംപ്ടണിലെ പിച്ചിനെ മാത്രം പരിഗണിച്ചാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ്. താരത്തിനെ ഒഴിവാക്കിയത് ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി മൂലമാണെന്നും അല്ല 18 മാസങ്ങള്‍ക്കുള്ള ആഷസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണെന്നുമുള്ള ചര്‍ച്ച പുരോഗമിക്കവെയാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തി ഇംഗ്ലണ്ട് കോച്ച് മുന്നോട്ട് വരുന്നത്.

സൗത്താംപ്ടണിലെ പിച്ച് പരിഗണിക്കുമ്പോള്‍ കൂടുതല്‍ വേഗതയുള്ള മാര്‍ക്ക് വുഡിനെയും ജോഫ്ര ആര്‍ച്ചറെയും പരിഗണിക്കാം എന്നാണ് തങ്ങള്‍ക്ക് തോന്നിയതെന്നും താനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനും അതിനോട് ഉറച്ച് നില്‍ക്കുന്നുവെന്നും സില്‍വര്‍ വുഡ് വ്യക്തമാക്കി. വേഗതയുള്ള ബൗളര്‍മാര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് ഏവരും കണ്ടതാണെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി.

സ്റ്റുവര്‍ട് ബ്രോഡിന് നിരാശയുണ്ടെന്നും ദേഷ്യമുണ്ടെന്നും ഉള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്നാണ് സില്‍വര്‍വുഡ് വ്യക്തമാക്കിയത്. താരത്തിന് ഇനിയും ടീമിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് താന്‍ നേരിട്ട് താരത്തോട് പറഞ്ഞിട്ടുണ്ടെന്നും സില്‍വര്‍വുഡ് അഭിപ്രായപ്പെട്ടു.