ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ തോൽക്കുക ആണെങ്കിൽ ഗംഭീറിന്റെ ജോലിയുടെ കാര്യത്തിൽ ബി സി സി ഐ സുപ്രധാന തീരുമാനം എടുക്കും. ഈ പരമ്പരയും ഇന്ത്യ തോൽക്കുക ആണെങ്കിൽ വൈറ്റ് ബോൾ, റെഡ് ബോൾ ഫോർമാറ്റുകൾക്ക് പ്രത്യേക പരിശീലകരെ ബിസിസിഐ നിയമിച്ചേക്കും.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ, വൈറ്റ് ബോൾ, റെഡ് ബോൾ ക്രിക്കറ്റിനായി വ്യത്യസ്ത പരിശീലകരെ നിയമിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോച്ച് ഗൗതം ഗംഭീറിന് കീഴിൽ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0 ന് തോറ്റത് ചരിത്രപരമായ തിരിച്ചടിയായാണ് ബി സി സി ഐ കാണുന്നത്. കാരണം ഇന്ത്യ ഒരു ഹോം പരമ്പരയിൽ ഇത്തരമൊരു തോൽവി നേരിടുന്നത് ഇതാദ്യമാണ്. ഈ തോൽവി ഗംഭീറിൻ്റെ കോച്ചിംഗിൽ, പ്രത്യേകിച്ച് റെഡ്-ബോൾ ഫോർമാറ്റിൽ പുനർചിന്തന ഉണ്ടാക്കിയിരിക്കുകയാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യ മോശം പ്രകടനം നടത്തിയാൽ അദ്ദേഹത്തിന് വൈറ്റ് ബോൾ പരിശീലക സ്ഥാനം നഷ്ടമാകുമെന്ന് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നു.
നവംബർ 22-ന് ആരംഭിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ഗംഭീറിന് നിർണായകമാകും. ഈ പരമ്പരയിൽ 4 ടെസ്റ്റ് എങ്കിലും ജയിച്ചാൽ മാത്രമെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ഥാനം ലഭിക്കുകയുള്ളൂ.