ബയോ ബബിളില്‍ കഴിയേണ്ടി വരുന്ന ക്രിക്കറ്റര്‍മാരുടെ ജീവിതം അത്ര സുഖകരമല്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന് മുഖ്യ കോച്ച് മിസ്ബ ഉള് ഹക്ക്. പാക്കിസ്ഥാന് താരങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര പരമ്പരകള്‍ അധികം കളിച്ചതിനാല്‍ തന്നെ അവര്‍ ഈ ജീവിത രീതിയുമായി ഒത്തുപോകുകയാണെന്നും എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും മിസ്ബ പറഞ്ഞു.
മുമ്പ് ഇത്തരം ടൂറുകളില്‍ താരങ്ങള്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ ലഭിയ്ക്കുമായിരുന്നുവെന്നും എന്നാലിപ്പോള്‍ അത്തരത്തിലൊരു സൗകര്യവുമില്ലെന്നും മത്സരങ്ങള്‍ക്കിടയില്‍ കൂള്‍ ഓഫ് സാധ്യതകള്‍ ഇല്ലാതാകുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും മിസ്ബ പറഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തിലും തന്റെ ടീമംഗങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നത് അഭിമാനകരമാണെന്നും മുന്‍ പാക്കിസ്ഥാന് നായകന് പറഞ്ഞു.