അവസാന ഓവറില്‍ ജയിക്കുവാന്‍ 13 റണ്‍സ് വേണ്ടിയിരുന്ന അഡിലെയിഡ് സ്ട്രൈക്കേഴ്സിനായി ക്രീസിലുണ്ടായിരുന്നത് 7 പന്തില്‍ 16 റണ്‍സ് നേടിയ ജേക്ക് ലേമാനും 18 പന്തില്‍ 28 റണ്‍സ് നേടി നില്ക്കുന്ന ജോനാഥനന്‍ വെല്‍സും. ഇരുവരും കുറഞ്ഞ പന്തുകളില്‍ റണ്ണടിച്ച് കൂട്ടി കളി തങ്ങളുടെ പക്കലേക്ക് തിരിച്ച താരങ്ങള്‍. എന്നാല്‍ ആദ്യ പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ജോഫ്ര ആര്‍ച്ചര്‍ ലേമാനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ വെല്‍സ് റണ്‍ഔട്ട് കൂടി ആയതോടെ സ്ട്രൈക്കേഴ്സിന്റെ വിജയ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. പിന്നീടുള്ള പന്തുകളിലൊന്നും തന്നെ ബൗണ്ടറി കണ്ടെത്താന്‍ അഡിലെയ്ഡിനു കഴിയാതെ പോയതോടെ മത്സരം 7 റണ്‍സിനു ഹോബാര്‍ട്ട് ഹറികെയിന്‍സ് സ്വന്തമാക്കി.
തുടക്കത്തിലേറ്റ തിരിച്ചടികള്‍ക്ക് ശേഷം 184 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്ട്രൈക്കേഴ്സിനെ മത്സരത്തിലേക്ക് വീണ്ടും തിരികെ എത്തിച്ചത് ട്രാവിസ് ഹെഡും(44) കോളിന് ഇന്‍ഗ്രാമും(66) ആയിരുന്നു. മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് നേടിയ സഖ്യത്തെയും പിരിച്ചത് ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു. പിന്നീട് കോളിന് ഇന്‍ഗ്രാമും ജോനാഥന് വെല്‍സും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തി ഓരോ ഓവറുകളിലും അനായാസം റണ്‍ കണ്ടെത്തിയെങ്കിലും തൈമല്‍ മില്‍സ് ഇന്‍ഗ്രാമിന്റെ അന്തകനായി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു.
ജോഫ്ര മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് മത്സരത്തില്‍ ഹറികെയിന്‍സിനു വേണ്ടി നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഹറികെയിന്‍സ് ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ 183 റണ്‍സ് നേടുകയായിരുന്നു. 96 റണ്‍സ് നേടിയ ഷോര്‍ട്ട് ആണ് ടോപ് സ്കോറര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial