വീണ്ടുമൊരു മത്സരം കൂടി പരാജയപ്പെട്ട് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനോട് കൂറ്റന്‍ തോല്‍വിയാണ് സ്ട്രൈക്കേഴ്സ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ അഡിലെയ്ഡ് 123 റണ്‍സിനു 19.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 44 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ സ്റ്റാര്‍സിനു സ്വന്തമാക്കാനായത്.
72 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ ഡങ്കിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്(53), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(36) എന്നിവരും കൂടി ചേര്‍ന്നാണ് 167 റണ്‍സിലേക്ക് സ്റ്റാര്‍സിനെ നയിച്ചത്. സ്റ്റോയിനിസിനെ റഷീദ് ഖാന് പുറത്താക്കിയപ്പോള്‍ ഹാന്‍ഡ്സ്കോമ്പ് റണ്ണൗട്ടായാണ് പുറത്തായത്.
അലക്സെ കാറെ(30), ജേക്ക് ലേമാന്(40) എന്നിവരുടെ സ്കോറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അഡിലെയ്ഡ് ബാറ്റിംഗ് തീര്‍ത്തും പരാജയമായി മാറുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോ, ലിയാം പ്ലങ്കറ്റ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി സ്റ്റാര്‍സിനു മികച്ച വിജയം ഒരുക്കുകയായിരുന്നു.