കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയനായ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര അർച്ചറിനെ ഇംഗ്ലണ്ട് താരങ്ങൾ പിന്തുണക്കണമെന്ന ആവശ്യവുമായി ബെൻ സ്റ്റോക്സ്. കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് താരം പുറത്തായിരുന്നു.
ഈ ഒരു സമയത്ത് താരത്തെ ഒറ്റപെടുത്തുന്നത് ശരിയല്ലെന്നും താരത്തിന് വേണ്ട പിന്തുണ എല്ലാവരും നൽകണമെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയിലൂടെയാണ് പുനരാരംഭിച്ചത്.
ടീമിനൊപ്പം മാഞ്ചെസ്റ്ററിലേക്ക് യാത്ര ചെയ്യുന്നതിനിടെ അനുവാദം ഇല്ലാതെ ആർച്ചർ തന്റെ കുടുംബത്തെ കാണാൻ തന്റെ ഫ്ലാറ്റിലേക്ക് പോവുകയായിരുന്നു. തുടർന്ന് താരത്തോട് അഞ്ച് ദിവസം ഹോട്ടലിൽ ഐസൊലേഷനിൽ പോവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 5 ദിവസത്തെ ഐസൊലേഷനിൽ പോയതിന് ശേഷം 2 കൊറോണ ടെസ്റ്റുകൾ നെഗറ്റീവ് ആയതിന് ശേഷം മാത്രമാവും ആർച്ചർ ടീമിനൊപ്പം ചേരുക. ജോഫ്ര ആർച്ചറുടെ ഈ പ്രവർത്തി മില്യൺ കണക്കിന് പൗണ്ട് നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടാക്കുമായിരുന്നെന്ന് ഇംഗ്ലണ്ട് & വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ആഷ്‌ലി ജൈൽസ് പറഞ്ഞിരുന്നു.