അടുത്ത ഐസിസിയുടെ FTP സൈക്കിളിൽ മൂന്ന് അന്താരാഷ്ട്ര ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുവാന്‍ തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ച് ബിസിസിഐ. തങ്ങള്‍ ബിഡ് ചെയ്യുകയല്ല ഐസിസിയുമായി നടത്തിപ്പ് അവകാശം തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുവാനൊരുങ്ങുകയാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബിസിസിഐ ഞായറാഴ്ച കൂടിയ അപ്പെക്സ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഏടുത്തത്.
ദുബായിയിൽ ഐസിസിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ 2024-2031 സൈക്കിളിൽ നടത്തുവാനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാണ് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെടാനിരിക്കുന്നത്.
എന്നാൽ നികുതി ഇളവ് ലഭിയ്ക്കുകയെന്ന ഐസിസിയുടെ മാനദണ്ഡം ആണ് ബിസിസിഐയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി. ഈ വര്‍ഷം നടത്താനിരുന്ന ടി20 ലോകകപ്പിന് ബിസിസിഐയ്ക്ക് നികുതി ഇളവ് ലഭിച്ചിരുന്നില്ല.