ഗില്ലിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ ആക്കണം എന്ന് മനോജ് തിവാരി

Newsroom

Resizedimage 2026 01 22 00 15 14 2


2027 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ കണക്കിലെടുത്ത് ശുഭ്മാൻ ഗില്ലിനെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി രോഹിത് ശർമ്മയെ വീണ്ടും നിയമിക്കണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി ബിസിസിഐയോട് ആവശ്യപ്പെട്ടു. 2025 ഒക്ടോബർ 4-നാണ് രോഹിത്തിന് പകരം ഗില്ലിനെ നായകനായി തിരഞ്ഞെടുത്തത്. എന്നാൽ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ കളിച്ച രണ്ട് പരമ്പരകളും പരാജയപ്പെടുകയാണുണ്ടായത്.

1000425503

2025 ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും, കഴിഞ്ഞ ആഴ്ച രണ്ടാം നിര താരങ്ങളുമായി എത്തിയ ന്യൂസിലൻഡിനെതിരായ പരമ്പരയും ഇന്ത്യ കൈവിട്ടു. ഈ സാഹചര്യത്തിലാണ് തെറ്റുകൾ തിരുത്താൻ ഇനിയും സമയമുണ്ടെന്നും ലോകകപ്പ് മുന്നിൽ കണ്ട് രോഹിത്തിനെ തിരികെ കൊണ്ടുവരണമെന്നും ഇൻസൈഡ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തിവാരി വ്യക്തമാക്കിയത്.


രോഹിത്തിനെ എന്തിനാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് തിവാരി ചോദ്യം ഉന്നയിച്ചു. രോഹിത് ആയിരുന്നു നായകനെങ്കിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ടീം ശരിയായ ദിശയിലാണ് മുന്നോട്ട് പോയിരുന്നത്. നിലവിൽ ശുഭ്മാൻ ഗില്ലിനേക്കാൾ ഏറെ മികച്ച നായകനാണ് രോഹിത് ശർമ്മയെന്നും, അദ്ദേഹം വീണ്ടും നായകസ്ഥാനം ഏറ്റെടുത്താൽ അടുത്ത ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് 85 മുതൽ 90 ശതമാനം വരെ സാധ്യതയുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു.