ഇപ്പോള്‍ ഇന്ത്യയില്‍ സേഫ് സോണില്‍ ഉള്ള സ്ഥലത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസൊലേഷന്‍ ക്യാമ്പ് ഒരുക്കുവാനുള്ള ആലോചനയുമായി ബിസിസിഐ. ക്രിക്കറ്റ് പുരോഗമിക്കുമ്പോള്‍ വേണ്ട നടപടികളെന്ന നിലയിലാണ് ഈ നീക്കവുമായി ബിസിസിഐ മുന്നോട്ട് പോകുവാന്‍ ഒരുങ്ങുന്നതെന്ന് അറിയുന്നു.
സീനിയര്‍ താരങ്ങള്‍, ടീം മാനേജ്മെന്റ്, മറ്റു സ്റ്റാഫുകള്‍ തുടങ്ങിയവരെ ഈ ഐസൊലേഷന്‍ ക്യാമ്പില്‍ കൊണ്ടുവന്ന് രണ്ട് മാസത്തിനുള്ളില്‍ പരിശീലനം ആരംഭിക്കുവാനുള്ള നടപടികളാണ് ആലോചനയില്‍. എല്ലാ സൗകര്യങ്ങളുമുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാഡമി സ്ഥിതി ചെയ്യുന്ന ബാംഗ്ലൂരില്‍ കോവിഡ് കേസുകള്‍ അധികം ആയതിനാലാണ് വേറൊരു സൗകര്യത്തെക്കുറിച്ച് ബിസിസിഐ ചിന്തിക്കുന്നത്.
താരങ്ങളുടെ സുരക്ഷയാണ് ബോര്‍ഡിന്റെ പ്രാധാന്യമെന്നും ബാംഗ്ലൂര്‍ അതിന് പറ്റിയ സാഹചര്യമാണോ എന്ന് വിലയിരുത്തിയ ശേഷം മാത്രമേ ഈ സൗകര്യം ഉപയോഗിക്കുകയുള്ളുവെന്ന് ബിസിസിഐ വക്താവ് പറഞ്ഞു. അല്ലാത്ത പക്ഷം കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതമെന്ന് നിര്‍ദ്ദേശിച്ച ഒരു സ്ഥലത്ത് ഈ സൗകര്യങ്ങള്‍ ഉണ്ടോയെന്ന് നോക്കുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.
താരങ്ങളും ടീം മാനേജ്മെന്റും മറ്റു ബന്ധപ്പെട്ട വ്യക്തികളുമായി ബിസിസിഐ ആദ്യ ദിനം മുതല്‍ തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.