ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകി ബി.സി.സി.ഐ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്കിടെ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും ആരാധകരുമായി സെൽഫി എടുക്കുന്നതും ആരാധകരുമായി സംവദിക്കുന്നതിനും നിയന്ത്രണം വേണമെന്ന് ബി.സി.സി.ഐ മെഡിക്കൽ വിഭാഗം ഇന്ത്യൻ താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
താരങ്ങൾ ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് ബി.സി.സി.ഐ ഇന്ത്യൻ താരങ്ങൾക്ക് വിവരണം നൽകിയിട്ടുണ്ട്. വിമാന കമ്പനികളോടും ടീം താമസിക്കുന്ന ഹോട്ടലുകളോടും സംസ്ഥാന അസോസിയേഷനുകളോടും ടീം അംഗങ്ങൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാൻ ബി.സി.സി.ഐ നിർദേശം നൽകിയിട്ടുണ്ട്.
ബി.സി.സി.ഐ മെഡിക്കൽ വിഭാഗം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും സ്റ്റേറ്റ് അസോസിയേഷനുകൾക്കും വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഈ നിർദേശങ്ങൾ മാർച്ച് 29ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കും ബാധകമാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി.