വരുന്ന ടി20 ലോകകപ്പിൽ തങ്ങളുടെ കളിക്കാര്‍ക്കും ആരാധകര്‍ക്കും എത്രത്തോളം സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നതിൽ വ്യക്തത വരുത്തണമെന്ന് ഐസിസിയെ അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ റിലീസ് ചെയ്ത തീരുമാനത്തിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ഫ്രട്ടേര്‍ണിറ്റിയിൽ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇതോടെ ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ത്യയിൽ കളിയ്ക്കേണ്ടതില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ബംഗ്ലാദേശിൽ നിന്ന് ഉയര്‍ന്ന് വന്നത്.
ഒരു വിശദീകരണവും നൽകാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ മുസ്തഫിസുറിനെ റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ടത്. ഈ കാര്യത്തിലും ബിസിബി ബിസിസിഐയ്ക്ക് കത്തെഴുതുമെന്നാണ് അറിയുന്നത്. ഐസിസിയോടും മുസ്തഫിസുറിന്റെ കാര്യം പരാമര്‍ശിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഗ്രൂപ്പ് സിയിൽ വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, നേപ്പോള്‍, ഇറ്റലി എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ് നിൽക്കുന്നത്. വെസ്റ്റിന്‍ഡീസിനോട് കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിൽ ഫെബ്രുവരി 7ന് ആണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. കൊൽക്കത്തയിൽ തന്നെ ഇറ്റലിയെയും ഇംഗ്ലണ്ടിനെയും നേരിടുന്ന ബംഗ്ലാദേശ് തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈയിൽ നേപ്പാളിനെ നേരിടും.









