ഇനിയുള്ള രണ്ട് ദിവസവും ബാറ്റ് ചെയ്ത് കൊണ്ടേയിരിക്കണം

Sports Correspondent

ഇനിയുള്ള രണ്ട് ദിവസവും വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ ബാറ്റിംഗ് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്ന് പറഞ്ഞ് കെമര്‍ റോച്ച്. വലിയ വെല്ലുവിളിയാണ് വിന്‍ഡീസിനെ അപേക്ഷിച്ച് നേരിടേണ്ടത്, രണ്ട് ദിവസവും 423 റണ്‍സും പക്ഷേ നേരിടേണ്ടത് തീപ്പൊരി ഫോമിലുള്ള ജസ്പ്രീത് ബുംറ അടങ്ങിയ ബൗളിംഗ് കൂട്ടുകെട്ടിനെ. എന്നാല്‍ ടെസ്റ്റില്‍ വിന്‍ഡീസിന് പ്രതീക്ഷയുണ്ടെന്നും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ മതിയെന്നുമാണ് വിന്‍ഡീസ് സൂപ്പര്‍ ബൗളര്‍ കെമര്‍ റോച്ച് പറയുന്നത്.

തന്റെ ടീമിലെ ബാറ്റ്സ്മാന്മാര്‍ ഇതുവരെ പരമ്പരയില്‍ വലിയ സ്കോറുകള്‍ നേടിയിട്ടില്ലെങ്കിലും ഇനിയുള്ള രണ്ട് ദിവസം അവരില്‍ നിന്ന് വമ്പന്‍ ഇന്നിംഗ്സുകള്‍ പിറക്കണമെന്നാണ് റോച്ച് പറയുന്നത്. ആദ്യ ദിവസങ്ങളിലേതിനെ അപേക്ഷിച്ച് പിച്ചിലെ ബൗണ്‍സ് കുറഞ്ഞുവെന്നും വിചാരിച്ചാല്‍ ബാറ്റ്സ്മാന്മാര്‍ക്ക് രണ്ട് ദിവസവും ബാറ്റ് ചെയ്യാവുന്നതേയുള്ളുവെന്നാണ് കെമര്‍ റോച്ച് പറഞ്ഞത്.

അല്പ നേരം ക്രീസില്‍ ചെലവഴിച്ചാല്‍ പിന്നീട് ബാറ്റിംഗ് അനായാസമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും തന്റെ ടീമംഗങ്ങള്‍ പോസിറ്റീവായി കളത്തിലിറങ്ങുമെന്നും കെമര്‍ റോച്ച് പറഞ്ഞു. താനും അടുത്തിടെയായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണെന്നും താനും കഴിവതും ശ്രമിക്കുമെന്നാണ് റോച്ച പറഞ്ഞത്.