2026-ലെ പുരുഷ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്ന കാര്യത്തിൽ രാജ്യം ഇന്ന് (ജനുവരി 22) അന്തിമ തീരുമാനമെടുക്കും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ഔദ്യോഗികമായി തള്ളിക്കളഞ്ഞു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയായിരുന്നു ബംഗ്ലാദേശിന്റെ അഭ്യർത്ഥനയെങ്കിലും, സ്വതന്ത്ര സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ താരങ്ങൾക്ക് ഭീഷണിയില്ലെന്ന് ഐസിസി വ്യക്തമാക്കി.

ഇതോടെ ടൂർണമെന്റിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ബംഗ്ലാദേശിന് ഇന്ന് ഉച്ചവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്പോർട്സ് അഡൈ്വസർ ആസിഫ് നസ്റുൽ രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി ചർച്ച നടത്തും. ഇതിന് മുന്നോടിയായി ഇന്നലെ രാത്രി വൈകിയും ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാമും മറ്റ് ഡയറക്ടർമാരും ആസിഫ് നസ്റുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാബിനറ്റ് മീറ്റിംഗിന് ശേഷം സർക്കാർ സ്വീകരിക്കുന്ന നിലപാടായിരിക്കും ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുക.
ഇന്ത്യയിലെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ ബംഗ്ലാദേശിന് ലോകകപ്പിലെ തങ്ങളുടെ സ്ഥാനം നഷ്ടമാകും. നിലവിലെ റാങ്കിംഗിൽ മുന്നിലുള്ള സ്കോട്ട്ലൻഡിനെ പകരക്കാരായി ഉൾപ്പെടുത്താൻ ഐസിസി ഇതിനകം തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളാണ് കായിക രംഗത്തെ ഈ അനിശ്ചിതത്വത്തിന് പിന്നിൽ. കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ കളിക്കില്ലെന്ന വാശിയിൽ ബംഗ്ലാദേശ് ഉറച്ചുനിന്നാൽ അത് താരങ്ങളെയും ആരാധകരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുക. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബംഗ്ലാദേശിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഷെഡ്യൂളിൽ മാറ്റമില്ലെന്ന കർക്കശ നിലപാടിലാണ് ഐസിസിയിലെ ഭൂരിഭാഗം അംഗങ്ങളും.









