ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ആദ്യമായി ഓസ്ട്രേലിയയെ പരാജയപ്പെടുത്തി

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യിൽ 23 റൺസ് വിജയം നേടി ബംഗ്ലാദേശ്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 131/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് ഓസ്ട്രേലിയയെ 20 ഓവറിൽ 108 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

ടി20 ക്രിക്കറ്റിൽ ഇതാദ്യമായാണ് ഓസ്ട്രേലിയയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരിക്കുന്നത്. ജോഷ് ഹാസല്‍വുഡ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാര്‍ക്ക് 2 വിക്കറ്റും നേടി ഓസ്ട്രേലിയയ്ക്കായി തിളങ്ങിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 36 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. നൈയിം 30 റൺസും മഹമ്മദുള്ള 20 റൺസും അഫിഫ് ഹൊസൈന്‍ 23 റൺസും നേടിയാണ് ബംഗ്ലാദേശിനെ 131 റൺസിലേക്ക് എത്തിച്ചത്.

45 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ഒഴികെ ആര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയ 108 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 4 വിക്കറ്റ് നേടിയ നാസും അഹമ്മദ് ആണ് ബംഗ്ലാദേശിന്റെ ബൗളര്‍മാരിൽ മികവ് പുലര്‍ത്തിയത്. മുസ്തഫിസുര്‍ റഹ്മാന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.