ബംഗ്ലാദേശ് പ്രീമിയര്‍ 2022 ചാമ്പ്യൻമാരായി കോമില്ല വിക്ടോറിയൻ്സ്. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഒരു റൺസ് വിജയം ആണ് വിക്ടോറിയൻസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോമില്ല 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഫോര്‍ച്യൂൺ ബാരിഷാലിന് 150/8 എന്ന സ്കോർ മാത്രമേ നേടാനായുള്ളു.
സുനിൽ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ ആണ് വിക്ടോറിയൻസിന്റെ വിജയം. ബാറ്റിംഗിൽ 23 പന്തിൽ 57 റൺസ് നേടിയ നരൈനൊപ്പം 38 റൺസ് നേടി മോയിന്‍ അലിയാണ് വിക്ടോറിയന്‍സിന്റെ ബാറ്റിംഗിൽ തിളങ്ങിയത്.
58 റൺസ് നേടി ഷൈക്കത് അലി, 33 റൺസ് നേടിയ ക്രിസ് ഗെയിൽ എന്നിവരാണ് ബാരിഷാലിനായി റൺസ് കണ്ടെത്തിയത്. അവസാന ഓവറിൽ 10 റൺസായിരുന്നു ബാരിഷാലിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത്.
ദൗഹിത് ഹൃദോയിയുടെ ക്യാച്ച് അഞ്ചാം പന്തിൽ കൈവിട്ടതോടെ ലക്ഷ്യം അവസാന പന്തിൽ മൂന്ന് റൺസായി മാറി. എന്നാൽ ഒരു റൺസ് മാത്രം അവസാന പന്തിൽ നേടിയപ്പോള്‍ ഒരു റൺസ് വിജയം സ്വന്തമാക്കുവാന്‍ വിക്ടോറിയന്‍സിന് സാധിച്ചു.
4 ഓവറിൽ 15 റൺസ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റ് നേടിയ സുനിൽ നരൈനും 2 വിക്കറ്റ് നേടിയ തന്‍വീര്‍ ഇസ്ലാമുമാണ് ബൗളിംഗിൽ വിക്ടോറിയന്‍സിനായി തിളങ്ങിയത്. ഇത് വിക്ടോറിയന്‍സിന്റെ മൂന്നാം കിരീടം ആണ്.