തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്, 5 വിക്കറ്റ് നഷ്ടം,

Sports Correspondent

അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടം. റഷീദ് ഖാന്‍ മൂന്ന് വിക്കറ്റുമായാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. നേരത്തെ അസ്ഗര്‍ അഫ്ഗാന് തന്റെ കന്നി ശതകം നഷ്ടമായെങ്കിലും 342 റണ്‍സ് നേടുവാന്‍ ടീമിന് സാധിച്ചിരുന്നു. 92 റണ്‍സാണ് അസ്ഗര്‍ നേടിയത്. അഫ്സര്‍(41), റഷീദ് ഖാന്‍(51) എന്നിവരും തിളങ്ങിയപ്പോള്‍ ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം നാല് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ് 88/5 എന്ന നിലയിലാണ്. 33 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മോമിനുള്‍ ഹക്ക് 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 254 റണ്‍സ് പിന്നിലായാണ് ബംഗ്ലാദേശ് നിലകൊള്ളുന്നത്.

ചായയ്ക്ക് തൊട്ട് മുമ്പ് ഷാക്കിബിനെയും മുഷ്ഫിക്കുറിനെയും റഷീദ് പുറത്താക്കിയതോടെയാണ് ബംഗ്ലാദേശിന്റെ നില പരിതാപകരമായത്. 34 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി ഷാക്കിബും മോമിനുളും ബംഗ്ലാദേശിനായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിടിനെയാണ് ഇരട്ട പ്രഹരവുമായി റഷീദ് ഖാന്‍ രംഗത്തെത്തിയത്.