ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര വിജയിക്കുവാന്‍ ഏറ്റവും അധികം സാധ്യത ബംഗ്ലാദേശിനാണെന്ന് പറഞ്ഞ് ടീമിന്റെ ഓള്‍റൗണ്ടര്‍ താരം മൊസ്ദേക്ക് ഹൊസൈന്‍. ഇതുവരെ ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര ബംഗ്ലാദേശ് വിജയിച്ചിട്ടില്ലെങ്കിലും ഇത്തവണ തങ്ങള്‍ക്കത് സാധിക്കുമെന്നാണ് ഈ യുവതാരം പറയുന്നത്. അടുത്തിടെയായി ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശ് നേടിയ വളര്‍ച്ച ടീമിനെ തുണയ്ക്കുമെന്നാണ് താരം പറയുന്നത്.
ഏഴ് പരമ്പരകളാണ് ഇതുവരെ ശ്രീലങ്കയും ബംഗ്ലാദേശും ക്രിക്കറ്റ് ചരിത്രത്തില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ അഞ്ചെണ്ണത്തില്‍ ബംഗ്ലാദേശ് പരായമേറ്റു വാങ്ങി. എന്നാല്‍ താന്‍ കരുതുന്നത് ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശാണ് ഫേവറൈറ്റുകള്‍ എന്നാണ്. ബാറ്റിംഗിലും ബൗളിംഗിലും ശ്രീലങ്കയെക്കാള്‍ മെച്ചപ്പെട്ട ടീമാണ് ബംഗ്ലാദേശെന്ന് മൊസ്ദേക്ക് പറഞ്ഞു. അനുഭവത്തിന്റെ കാര്യത്തിലും ശ്രീലങ്കയെക്കാള്‍ മികച്ച ടീം ബംഗ്ലാദേശാണെന്ന് താരം പറഞ്ഞു.
ഷാക്കിബ് അല്‍ ഹസന്റെ അഭാവവും മഹമ്മദുള്ളയുടെ പരിക്കും തനിക്ക് ടീമില്‍ സ്ഥാനം ഉറപ്പാക്കുന്നുവെന്നും മൊസ്ദേക്ക് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ കൂടുതല്‍ ബൗളിംഗ് അവസരം തനിക്ക് ലഭിക്കുമെന്നും മൊസ്ദേക്ക് പറഞ്ഞു. മഹമ്മദുള്ളയുടെ പരിക്കും തനിക്ക് കൂടുതല്‍ ബൗള്‍ ചെയ്യേണ്ടി വരുമെന്നും താന്‍ ആ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തയ്യാറാണെന്നും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ പറഞ്ഞു.