ആദ്യ രണ്ട് ദിവസത്തെ കളി മഴ തടസ്സപ്പെടുത്തിയതിനു ശേഷം മൂന്നാം ദിവസം വെല്ലിംഗ്ടണില്‍ കളി നടന്നപ്പോള്‍ ബംഗ്ലാദേശ് 211 റണ്‍സിനു ഓള്‍ഔട്ട്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 38/2 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ജീത്ത് റാവല്‍(3), ടോം ലാഥം(4) എന്നിവരെ 8 റണ്‍സ് നേടുന്നതിനിടെ നഷ്ടമായ ന്യൂസിലാണ്ടിനെ പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് നേടി കെയിന്‍ വില്യംസണ്‍(10*)-റോസ് ടെയിലര്‍(19*) കൂട്ടുകെട്ട് നയിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ സ്കോറിനു 173 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നത്. മൂന്നാം ദിവസം എന്നാല്‍ അവസാനത്തോടു കൂടി മഴയെത്തിയതോടെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അബു ജയേദ് ആണ് ബംഗ്ലാദേശിനു വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 61 ഓവറില്‍ നിന്ന് 211 റണ്‍സ് നേടുന്നതിനിടെ പുറത്താകുകയായിരുന്നു. ആദ്യ ടെസ്റ്റിലേത് പോലെ തമീം ഇക്ബാല്‍ 74 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. നീല്‍ വാഗ്നര്‍ നാലും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് നേടി ന്യൂസിലാണ്ട് നിരയില്‍ തിളങ്ങി. ലിറ്റണ്‍ ദാസ്(33), ഷദ്മാന്‍ ഇസ്ലാം(27) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍.