സമനില ആകുമെന്ന് ഉറപ്പിച്ച കളിയിൽ അവസാന ദിവസം പാകിസ്താൻ പതറി വീണു. ബംഗ്ലാദേശിന്റെ മാസ്മരിക ബൗളിംഗ് കണ്ട ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇന്ന് രണ്ടാം ഇന്നിംഗ്സ് 23-1ന് ഒന്ന് എന്ന നിലയിൽ ആരംഭിച്ച പാകിസ്താൻ വെറും 146 റണ്ണിന് ഓളൗട്ട് ആയി. പിന്നെ ബംഗ്ലാദേശിന് വിജയിക്കാൻ വെറും 30 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. 6.3 ഓവറിലേക്ക് അവർ വിജയിച്ചു. പാകിസ്താനെ പാകിസ്താനിൽ വെച്ച് ടെസ്റ്റിൽ 10 വിക്കറ്റിന് തോൽപ്പിക്കുന്ന ആദ്യ ടീനായി ബംഗ്ലാദേശ് ഇതോടെ മാറി.
പാകിസ്താൻ നിരയിൽ ഇന്ന് ആകെ റിസുവാൻ ആണ് തിളങ്ങിയത്. 51 റൺസ് എടുത്ത റിസുവാന്റെ പോരാട്ടം ആണ് അവരെ ഇന്നിങ്സ് പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ബാബർ അസം 22 റൺസ് മാത്രം എടുത്ത് നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിറാസ് 4 വിക്കറ്റ് വീഴ്ത്തി. ഷാകിബ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ഇന്നലെ ബംഗ്ലാദേശ് അവരുടെ ഒന്നാം ഇന്നിങ്സ് 565-ൽ അവസാനിപ്പിച്ചിരുന്ന്യ്. പാകിസ്താനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ ബംഗ്ലാദേശിനായി. പാകിസ്താൻ ആദ്യ ഇന്നിംഗ്സ് 448-ന് ഡിക്ലയർ ചെയ്തിരുന്നു.
ബംഗ്ലാദേശിനായി 191 റൺസ് എടുത്ത മുഷ്ഫിഖുർ റഹീം ആണ് ടോപ് സ്കോറർ ആയത്. അദ്ദേഹത്തിന്റെ 11ആം ടെസ്റ്റ് സെഞ്ച്വറി ആയിരുന്നു ഇത്. ബംഗ്ലാദേശ് നിരയിൽ 77 റൺസ് എടുത്ത മെഹ്ദി ഹസൻ മിറാസ്, 50 റൺസ് എടുത്ത മൊമിനുൽ, 56 റൺസ് എടുത്ത ലിറ്റൺ ദാസ്, 93 റൺസ് എടുത്ത ശദ്മാൻ ഇസ്മായിൽ എന്നിവരും ആദ്യ ഇന്നിംഗ്സിൽ അവർക്കായി തിളങ്ങി.