ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളും ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് പതറിയെങ്കിലും മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി മികവ് പുലര്‍ത്തുകയായിരുന്നു സന്ദര്‍ശകര്‍.
ഫകര്‍ സമനെ തുടക്കത്തിലെ നഷ്ടമായ ശേഷം ബാബര്‍ അസമിന്റെ ശതകവും മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹക്ക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ബാബറും ഇമാമും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 92 റൺസാണ് നേടിയത്.
56 റൺസ് നേടിയ ഇമാമിനെ മാത്യൂ പാര്‍ക്കിന്‍സൺ പുറത്താക്കിയ ശേഷം ബാബര്‍ അസമിന് കൂട്ടായി മുഹമ്മദ് റിസ്വാനാണ് എത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 179 റൺസിന്റെ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 58 പന്തിൽ 74 റൺസാണ് മുഹമ്മദ് റിസ്വാന്‍ നേടിയത്. ബ്രൈഡൺ കാര്‍സ് ആണ് താരത്തെ പുറത്താക്കിയത്.
തൊട്ടടുത്ത ഓവറിൽ ബ്രൈഡൺ കാര്‍സ് രണ്ട് വിക്കറ്റുകള്‍ കൂടി നേടിയെങ്കിലും ബാബര്‍ അസം പാക്കിസ്ഥാന്റെ സ്കോര്‍ 300 കടത്തി. അവസാന ഓവറുകളിൽ സാഖിബ് മഹമ്മൂദും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് നേടി.
ബാബര്‍ അസം 139 പന്തിൽ 158 റൺസ് നേടി ബ്രൈഡണിന്റെ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്താകുകയായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ ബ്രൈഡൺ കാര്‍സ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ സാഖിബ് മഹമ്മൂദ് 3 വിക്കറ്റ് നേടി.