ഇമ്രാന്‍ ഖാന്റെ ശൈലിയിലുള്ള ക്യാപ്റ്റന്‍സിയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ പുതിയ പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം. ടി20 ക്യാപ്റ്റനായിരുന്ന താരത്തെ അടുത്തിടെയാണ് പാക്കിസ്ഥാന്‍ ഏകദിനത്തിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. താന്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും മുമ്പ് അണ്ടര്‍ 19ലും ടി20യിലും പാക്കിസ്ഥാനെ നയിച്ചിട്ടുള്ളത് തനിക്ക് ആത്മവിശ്വാസം നല്‍കുമെന്നും താരം വ്യകതമാക്കി.
പാക്കിസ്ഥാന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുക എന്നതാണ് താന്‍ ലക്ഷ്യം വയ്ക്കുന്ന ഒരു കാര്യമെന്നും ഇപ്പോളത്തെ പാക്കിസ്ഥാന്റെ റാങ്കിംഗ് തങ്ങളുടെ നിലവാരത്തിന് അനുയോജ്യമല്ലെന്നും ബാബര്‍ വ്യക്തമാക്കി. ടോപ് മൂന്ന് ടീമുകളില്‍ പാക്കിസ്ഥാനെ എത്തിക്ക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബാബര്‍ അസം പറഞ്ഞു.
പാക് ഇതിഹാസം ഇമ്രാന്‍ ഖാന്റെ പാതയാണ് താന്‍ ക്യാപ്റ്റന്‍സിയില്‍ പിന്തുടരുവാന്‍ ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്‍ യുവ താരം വ്യക്തമാക്കി. ടീമിനെ സ്വന്തം ചിറകിലേറ്റി മുന്നോട്ട് കൊണ്ടുക എന്നതാണ് വലിയ കാര്യമെന്നും ഉള്ളില്‍ ദേഷ്യം വന്നാലും നിയന്ത്രണത്തോടെയുള്ള പെരുമാറ്റമാണ് വേണ്ടതെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.
താന്‍ ആക്രമോത്സുകത പ്രകടിപ്പിക്കുന്ന ക്യാപ്റ്റനാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്റെ ശൈലി സ്വീകരിക്കുക എന്നതാണ് താന്‍ ലക്ഷ്യമാക്കുന്നതെന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു.