പാക്കസ്ഥാന് വേണ്ടി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുവാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പറഞ്ഞ് മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമ്മൂദ്. തന്റെ കരിയര്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോയ ഒന്നാണ്. തന്റെ അവസാന ടെസ്റ്റ് മത്സരം അസ്ഹര്‍ കളിച്ചത് 26ാമത്തെ വയസ്സിലാണ് ഏകദിനം കളിച്ചതാകട്ടെ 32ാം വയസ്സിലും.
1996 മുതല്‍ 2007 വരെയുള്ള കരിയറില്‍ താരം 143 ഏകദിനങ്ങളും 21 ടെസ്റ്റ് മത്സരങ്ങളിലും പാക്കിസ്ഥാനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയം 1996 മുതല്‍ 2000 വരെയാണെന്നും പിന്നീട് എല്ലാം കീഴ്മേല്‍ മറയുകയായിരുന്നുവെന്നും പാക്കിസ്ഥാന്‍ മുന്‍ താരം വ്യക്തമാക്കി.
പാക്കിസ്ഥാന് വേണ്ടി താന്‍ അണ്ടര്‍ അച്ചീവറാണെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും താരം കൂടിച്ചേര്‍ത്തു. തന്നെ ക്യാപ്റ്റനാക്കുവാന്‍ ശ്രമം ഉണ്ടായപ്പോള്‍ താന്‍ അത് കൂടുതല്‍ പരിചയ സമ്പന്നനായ വഖാര്‍ യൂനിസിന് നല്‍കുന്നതാണ് ഉചിതമെന്നും പറഞ്ഞിരുന്നുവെന്നും താരം വെളിപ്പെടുത്തി. വഖാര്‍ ക്യാപ്റ്റനായ ശേഷം തന്റെ പ്രകടനങ്ങള്‍ വേണ്ട വിധത്തില്‍ ഉയര്‍ന്നില്ലെന്നും അതിനാല്‍ തന്നെ താന്‍ പുറത്ത് പോയെന്നും മഹമ്മൂദ് വ്യക്തമാക്കി.
ടീമില്‍ അഞ്ച് ഫാസ്റ്റ് ബൗളര്‍മാരായിരുന്നു ഉണ്ടായിരുന്നത്. വസീം അക്രം, ഷൊയ്ബ് അക്തര്‍, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പുറമെ താനും അബ്ദുള്‍ റസാഖുമായിരുന്നു ടീമില്‍. അതില്‍ ഒരാളെ പുറത്ത് ഇരുത്തേണ്ടതായിട്ടുണ്ടായിരുന്നുവെന്നും തന്റെ പ്രകടനത്തില്‍ സ്ഥിരതയില്ലാതിരുന്നപ്പോള്‍ താന്‍ ടീമില്‍ നിന്ന് പുറത്താകുകയായിരുന്നുവെന്നും മഹമ്മൂദ് വ്യക്തമാക്കി.