ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാൻ സ്വന്തമാക്കിയില്ലെങ്കിൽ ക്യാപ്റ്റനായ അസ്ഹർ അലിയെ മാറ്റണമെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ക്യാപ്റ്റൻ സ്ഥാനം നിലനിർത്തണമെങ്കിൽ അസ്ഹർ അലി മികച്ച പ്രകടനം പുറത്തെടുക്കണമെന്നും അല്ലെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതിയ ക്യാപ്റ്റനെ കണ്ടുപിടിക്കണമെന്നും വസിം അക്രം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 107 റൺസിന്റെ ലീഡ് ഉണ്ടായിട്ടും പാകിസ്ഥാൻ 3 വിക്കറ്റിന് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
രണ്ടാം ഇന്നിങ്സിൽ 277 റൺസ് വിജയലക്ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ജോസ് ബട്ലറുടെയും ക്രിസ് വോക്‌സിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് 3 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. അതെ സമയം മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് അസ്ഹർ അലിക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സതാംപ്റ്റണിൽ വെച്ചാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്.