ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ഓസ്ട്രേലിയ ബാറ്റ് ചെയ്തപ്പോള്‍ ഇത്രയും മികച്ചൊരു ബാറ്റിംഗ് വിരുന്ന് കാണികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നല്‍കാനാകുമെന്ന് അവര്‍ കരുതി കാണില്ല. എന്നാല്‍ തങ്ങളുടെ ക്രീസിലിറങ്ങിയ ആറ് താരങ്ങളില്‍ മോയ്സസ് ഹെന്‍റിക്സ് ഒഴികെ ബാക്കി അഞ്ച് താരങ്ങളും 50ന് മുകളിലുള്ള സ്കോര്‍ നേടുന്നതാണ് ഓസ്ട്രേലിയ കണ്ടത്. ഹെന്‍റിക്സ് ആകട്ടെ നേരിട്ടത് വെറും ഒരു പന്തും.
സ്റ്റീവന്‍ സ്മിത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം നേടിയപ്പോള്‍ ഫിഞ്ചും വാര്‍ണറും അര്‍ദ്ധ ശതകങ്ങള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ പിഴവ് പറ്റിയ ലാബൂഷാനെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ഗ്ലെന്‍ മാക്സ്വെലും ടീമിനെ കഴിഞ്ഞ മത്സരത്തിലേതിലും മികച്ച സ്കോര്‍ നേടുമെന്ന് ഉറപ്പാക്കുകയായിരുന്നു.
8 സിക്സുകളും 36 ഫോറുമാണ് ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സില്‍ നേടിയത്. ഇന്ത്യയ്ക്കായി പത്തോവറില്‍ 60 റണ്‍സ് മാത്രം വിട്ട് നല്‍കിയ രവീന്ദ്ര ജഡേജയാണ് ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നവ്ദീപ് സൈനിയും ഷമിയും ജസ്പ്രീത് ബുംറയും എല്ലാം വലിയ പ്രഹരങ്ങളാണേറ്റു വാങ്ങിയത്.