മെൽബേൺ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് 311 റൺസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ലഞ്ചിന് 122/1 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് ആദ്യ സെഷനിൽ സാം കോന്‍സ്റ്റാസാണ് മേൽക്കൈ നേടിക്കൊടുത്തത്.
താരം 65 പന്തിൽ നിന്ന് 60 റൺസാണ് തന്റെ അരങ്ങേറ്റത്തിൽ നേടിയത്. ഉസ്മാന്‍ ഖവാജ 57 റൺസ് നേടി പുറത്തായപ്പോള്‍ ലാബൂഷാനെയും സ്മിത്തും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. ഖവാജയെ ബുംറ പുറത്താക്കിയപ്പോള്‍ 72 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെയെ വാഷിംഗ്ടൺ സുന്ദറാണ് വീഴ്ത്തിയത്.
237/2 എന്ന നിലയിൽ നിന്ന് ഓസ്ട്രേലിയ 246/5 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ട്രാവിസ് ഹെഡിനെയും മിച്ചൽ മാര്‍ഷിനെയും ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്.
സ്മിത്തും അലക്സ് കാറെയും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നൂറിനടുത്തെത്തിച്ചുവെങ്കിലും സ്കോര്‍ 299ൽ നിൽക്കുമ്പോള്‍ കാറെയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 31 റൺസ് നേടിയ താരത്തെ ആകാശ് ദീപ് ആണ് പുറത്താക്കിയത്.
ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 68 റൺസുമായി സ്മിത്തും 8 റൺസ് നേടി പാറ്റ് കമ്മിന്‍സുമാണ് ക്രീസിലുള്ളത്.