ട്രെന്റ് ബ്രിഡ്ജിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്തുവെങ്കിലും ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ അന്നത്തെ മത്സരത്തില്‍ ഏറിയ പങ്കും കളത്തിനു പുറത്താണ് ഇരുന്നത്. താരത്തിനു പരിക്കാണെന്നും സൗത്താംപ്ടണില്‍ ഇന്ത്യയ്ക്ക് അശ്വിന്റെ സേവനങ്ങള്‍ ലഭിക്കില്ലെന്നും വാര്‍ത്ത വന്നുവെങ്കിലും പരിക്ക് ഭേദമായി അശ്വിന്‍ തിരികെ എത്തുകയായിരുന്നു. എന്നാല്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് അശ്വിന്‍ സൗത്താംപ്ടണില്‍ കാഴ്ചവെച്ചത്. സ്പിന്നിനു അനുകൂലമായ പിച്ചില്‍ രവിചന്ദ്രന്‍ അശ്വിന്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ മോയിന്‍ അലി ഇന്ത്യയുടെ അന്തകനായി മാറുകയായിരുന്നു. മത്സരത്തില്‍ നിന്ന് 9 വിക്കറ്റുകള്‍ നേടി മോയിന്‍ കളിയിലെ താരവുമായി മാറിയപ്പോള്‍ അശ്വിനു നേടാനായത് വെറും 3 വിക്കറ്റ് മാത്രമാണ്. ഇതെത്തുടര്‍ന്ന് അഞ്ചാം ടെസ്റ്റില്‍ നിന്ന് അശ്വിനെ ഒഴിവാക്കി ഇന്ത്യ രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കി.
ഇപ്പോള്‍ പുറത്ത് വരുന്നത് താരത്തിനു മൂന്നാം ടെസ്റ്റിനിടെ ഏറ്റ പരിക്കാണ് ഇപ്പോള്‍ താരത്തെ പുറത്തിരുത്തുവാന്‍ കാരണമെന്നാണ്. നാലാം ടെസ്റ്റില്‍ ഈ പരിക്കുമായാണ് അശ്വിന്‍ കളിച്ചത്. ഏകദിനത്തില്‍ ഇന്ത്യ സീനിയര്‍ താരങ്ങളായ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നല്‍കിയ ശേഷം പിന്നീട് ടീമിലേക്ക് തിരികെ എത്തുവാന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നത് മനസ്സിലുള്ളത് കൊണ്ട് പരിക്ക് മറച്ചുവെച്ചാണ് അശ്വിന്‍ നാലാം ടെസ്റ്റിനു ഇറങ്ങിയതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി തന്നെ ടെസ്റ്റിനിടെ ഉയര്‍ന്നു വന്നിരുന്നു.
കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലും അന്ന് തങ്ങള്‍ക്ക് ലഭിച്ച അവസരം മുതലാക്കി ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു. സമാനമായ സ്ഥിതി ടെസ്റ്റില്‍ വരുന്നത് വിലക്കുവാനാണ് അശ്വിന്‍ ഇപ്രകാരം ചെയ്തതെങ്കില്‍ ഈ തീരുമാനം താരത്തിനു തിരിച്ചടിയായിരിക്കുകയാണ്. അനുകൂലമായ പിച്ചില്‍ മികവ് പുലര്‍ത്താനാകാത്തതിനാല്‍ തന്നെ ടീമിലെ സ്ഥാനം അഞ്ചാം ടെസ്റ്റില്‍ താല്‍ക്കാലികമായെങ്കിലും അശ്വിനിപ്പോള്‍ നഷ്ടമായി.