ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തീപാറുന്ന പോരാട്ടം പുറത്തെടുത്ത് ജോഫ്ര ആര്‍ച്ചറും സ്റ്റീവ് സ്മിത്തും. അതിവേഗം പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാന്‍ കഴിയാതെ പോയപ്പോള്‍ രണ്ട് തവണ പന്ത് ദേഹത്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
80/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്കായി സ്റ്റീവ് സ്മിത്ത് ആണ് മുന്നില്‍ നിന്ന് നയിച്ചത്. താരം പരിക്കേറ്റ് പുറത്താകുമ്പോള്‍ 80 റണ്‍സാണ് നേടിയത്. ടിം പെയിന്‍ 24 റണ്‍സുമായി സ്മിത്തിനു മികച്ച പിന്തുണ നല്‍കിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം ടെസ്റ്റ് വിക്കറ്റായി പെയിനിനെ സ്വന്തമാക്കി. മാത്യു വെയിഡിനെ നേരത്തെ പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് തന്റെ മൂന്നാം വിക്കറ്റ് നേടിയിരുന്നു.
പീറ്റര്‍ സിഡിലിന്റെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ പരിക്കേറ്റ സ്മിത്ത് മടങ്ങിയെത്തുകയായിരുന്നു ക്രീസിലേക്ക്. തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയാണ് സ്മിത്ത് തന്റെ മടങ്ങിവരവ് ആഘോഷിച്ചത്. എന്നാല്‍ അധികം വൈകാതെ സ്മിത്ത് 92 റണ്‍സില്‍ പുറത്താകുകയായിരുന്നു. ക്രിസ് വോക്സ് ആണ് സ്മിത്തിനെ പുറത്താക്കിയത്.
94.3 ഓവറില്‍ ഓസ്ട്രേലിയ 250 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 8 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 20 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിനെ പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് തന്റെ നാലാം വിക്കറ്റ് നേടി ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് സമാപനം കുറിച്ചു. നഥാന്‍ ലയണിനെ ജാക്ക് ലീഷ് ആണ് പുറത്താക്കിയത്.