തന്റെ പ്രകടനങ്ങള്‍ തനിക്ക് ആരുടെ മുന്നില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പാക് ടെസ്റ്റ് താരം അസാദ് ഷഫീക്ക്. തനിക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും അങ്ങനെയെങ്കില്‍ താന്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഒന്നും ശതകം നേടുകയില്ലായിരുന്നുവെന്ന് ഷഫീക്ക് പറഞ്ഞു. ഈ പ്രകടനങ്ങള്‍ തനിക്ക് ആരുടെയും മുന്നില്‍ വിശദീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു.
ഷൊയ്ബ് അക്തര്‍ താരത്തിന്റെ മനോഭാവം പ്രതിരോധത്തിലൂന്നിയതാണെന്നും എതിരാളികളെ ആക്രമിക്കുവാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവും താരത്തിനില്ലെന്ന് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത് അക്തറിന്റെ മാത്രം അഭിപ്രായമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അക്തര്‍ കണക്ക് പരിശോധിക്കണമായിരുന്നുവെന്നും അസാദ് ഷഫീക്ക് തിരിച്ചടിച്ചു.
ഇന്ന് ക്രിക്കറ്റില്‍ താന്‍ നേടിയതിലും അധികം താന്‍ നേടേണ്ടതായിരുന്നുവെന്ന് താന്‍ ചിന്തിക്കുന്നു. വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ ആകാത്ത ആറാം നമ്പറിലാണ് താന്‍ കളിച്ചത്. ആ സ്ഥാനത്ത് നിന്ന് 15-20 ശതകങ്ങള്‍ നേടുവാന്‍ ആര്‍ക്കും ആകില്ല. അത് പോലെ മറ്റൊരു തെറ്റിദ്ധാരണയാണ് താന്‍ ആക്രമിച്ച് കളിക്കാനറിയാത്ത താരമാണെന്നത്. ബ്രിസ്ബെയിന്‍ ടെസ്റ്റ് ഇതിനുള്ള മറുപടിയായി പരിഗണിക്കാമെന്നും താരം പറഞ്ഞു.