കോഹ്ലിക്ക് ദഹിക്കുമോ!? അനിൽ കുംബ്ലയെ തിരികെ ഇന്ത്യൻ പരിശീലകനാക്കാൻ ബി സി സി ഐ ആലോചന

ടി20 ലോകകപ്പോടെ കരാർ അവസാനിക്കുന്ന രവി ശാസ്ത്രിയെ മാറ്റി ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലെയെ കൊണ്ടു വരാൻ ബി സി സി ഐ ആലോചിക്കുന്നതായി വാർത്തകൾ. നേരത്തെ 2017ൽ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായിരിക്കെ കോഹ്ലിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് സ്ഥാനം ഒഴിയുക ആയിരുന്നു. അതേ കുംബ്ലെയെ തിരികെ എത്തിക്കാൻ ആണ് ബി സി സി ഐ ശ്രമം. കോഹ്ലി ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ കുംബ്ലെ നേരത്തെ ആർ സി ബിയിലും കോഹ്ലിക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. വളരെ കുറച്ചുകാലമെ കുംബ്ലെ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ളൂ എങ്കിലും വളരെ മികച്ച റെക്കോർഡാണ് കുംബ്ലെക്ക് ഉള്ളത്. വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവർക്ക് എതിരെ ടെസ്റ്റ് പരമ്പരകൾ ജയിക്കാൻ കുംബ്ലെയുടെ കീഴിൽ ഇന്ത്യക്ക് ആയിരുന്നു.