മുൻ സ്പിന്നർമാരായ ഷെയിൻ വോണിനും മുത്തയ്യ മുരളീധരനും ഏതു താരത്തിലുള്ള പിച്ചിലും പന്ത് തിരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ. അവരിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ അനിൽ കുംബ്ലെ പറഞ്ഞു.
ടെസ്റ്റിൽ ഇത്രയും വിക്കറ്റുകൾ നേടിയ കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും എന്നാൽ താൻ ഒരിക്കലും പോലും തന്റെ ബൗളിങ്ങിലെ കണക്കുകളെ പറ്റിയോ തന്റെ ശരാശരിയെ പറ്റിയോ ചിന്തിച്ചിരുന്നില്ലെന്നും കുംബ്ലെ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഷെയിൻ വോണിനും മുരളിക്കും പിറകിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മൂന്നാമനാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മൂന്ന് താരങ്ങളും ഒരേ യുഗത്തിൽ കളിച്ച താരങ്ങൾ ആയിരുന്നെന്നും കുംബ്ലെ പറഞ്ഞു.
എന്നാൽ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വേണുമായി തന്നെ എന്ത്കൊണ്ടാണ് താരതമ്യം ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഷെയിൻ വോൺ വേറെ തലത്തിലുള്ള ഒരു സ്പിന്നർ ആയിരുന്നെന്നും കുംബ്ലെ പറഞ്ഞു.