ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷൻ (എസിഎ). മുൻ ന്യൂസിലാൻഡ് പരിശീലകനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാവുമായ ഗാരി സ്റ്റീഡിനെ 2025-26 സീസണിലേക്ക് സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ന്യൂസിലാൻഡ് ടീമിന്റെ പരിശീലകനായി ഏഴ് വർഷം പ്രവർത്തിച്ച സ്റ്റീഡ്, 2021-ൽ ന്യൂസിലൻഡിനെ അവരുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു.
കൂടാതെ, 2019 ലോകകപ്പ് ഫൈനലിലും 2021 ടി20 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ച അന്താരാഷ്ട്ര പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഒരു വർഷത്തേക്കാണ് സ്റ്റീഡ് എസിഎയുമായി കരാറിൽ ഒപ്പുവെച്ചത്. സെപ്റ്റംബർ 20-നും 25-നും ഇടയിൽ വിശാഖപട്ടണത്ത് വെച്ച് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.