നവംബർ 6 ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ഏകദിന ക്യാപ്റ്റൻ ഷായ് ഹോപ്പുമായി വാക്കേറ്റത്തെ തുടർന്ന് വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിനെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജോർദാൻ്റെ വിക്കറ്റ് ജോസഫെടുത്തതിന് പിന്നാലെയായിരുന്നു സംഭവം.
ഗെയിമിന് ശേഷം, ജോസഫ് ഹോപ്പിനോടും സഹതാരങ്ങളോടും ആരാധകരോടും ക്ഷമാപണം നടത്തിയിരുന്നു. എങ്കിലും വെസ്റ്റിൻഡീസ് അച്ചടക്ക നടപടി എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
മുതിർന്ന കോച്ചിംഗ് സ്റ്റാഫുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് വിശദീകരിച്ചുകൊണ്ട് നവംബർ 8 ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, പ്രൊഫഷണലിസത്തിനും സമഗ്രതയ്ക്കും ഉള്ള പ്രതിബദ്ധത CWI എടുത്തുപറഞ്ഞു. തൻ്റെ പ്രവർത്തനങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച ജോസഫിന് നവംബർ 9 മുതൽ ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകും.