അക്ഷയും അഭിജിതും തിളങ്ങി, കേരളത്തിന് മൂന്നാം വിജയം

Newsroom

Img 20241219 Wa0280
Download the Fanport app now!
Appstore Badge
Google Play Badge 1

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഉത്തരാഖണ്ഡിനെ 80 റൺസിന് മറികടന്നാണ്,കേരളം ടൂർണ്ണമെൻ്റിൽ തുടരെയുള്ള മൂന്നാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 309 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നാല്‍പ്പത്തി നാലാം ഓവറിൽ 229 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

1000764885
മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ 52 റണ്‍സ് നേടിയ വരുണ്‍ നായനാര്‍

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ഒമർ അബൂബക്കറും അഭിഷേക് നായരും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 56 റൺസ് പിറന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ഒമർ അബൂബക്കർ 38ഉം അഭിഷേക് നായർ 16ഉം കാമിൽ അബൂബക്കർ പൂജ്യത്തിനും പുറത്തായി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും അക്ഷയ് ടി കെയും ചേർന്നാണ് കേരളത്തിൻ്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്തു. വരുൺ നായനാർ 57 പന്തിൽ 52ഉം അക്ഷയ് ടി കെ 89 പന്തുകളിൽ 118ഉം റൺസെടുത്തു. നാല് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു അക്ഷയുടെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിജിത് പ്രവീണും കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്നു. 35 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 47 റൺസാണ് അഭിജിത് നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹർഷ് പട്വാളാണ് ഉത്തരാഖണ്ഡ് ബൌളിങ് നിരയിൽ തിളങ്ങിയത്. അവനീഷ് സുധ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബൌളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പിടിമുറുക്കിയതോടെ നാല്‍പ്പത്തി നാലാം ഓവറിൽ 229 റൺസിന് ഉത്തരാണ്ഡ് ഓൾഔട്ടായി. ബൌളിങ്ങിലും തിളങ്ങിയ അഭിജിത് പ്രവീൺ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വന്ത് ശങ്കർ മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ നേടി