ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ച് പാക് ഇതിഹാസ താരങ്ങളായ സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും. തന്നെ സമീപ്പിച്ച ബുക്കികളുടെ വിവരം ബോര്‍ഡിനെ അറിയിക്കാതിരുന്നതിനാണ് പാക്കിസ്ഥാന്‍ താരത്തിനെതിരെ നടപടിയുണ്ടായത്. നിരവധി തവണ ഇതാവര്‍ത്തിച്ചിട്ടും താരം ഒരു തവണ പോലും ബോര്‍ഡിനെ സമീപിച്ചില്ലെന്നതാണ് ഗുരുതരമായ ആരോപണമായി കണക്കാക്കുന്നത്.
അക്മലന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീണെന്നാണ് സഹീര്‍ അബ്ബാസ് പറഞ്ഞത്. സീനിയര്‍ താരമെന്ന നിലയില്‍ നിയമം അറിയാവുന്ന വ്യക്തിയായിരുന്നിട്ട് കൂടി താരം അത് അവഗണിക്കുകയായിരുന്നുവെന്ന് അബ്ബാസ് പറഞ്ഞു. നിയമങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ ഒരു താരം എത്ര മികച്ച് നിന്നിട്ടും എന്ത് കാര്യമെന്ന് അബ്ബാസ് ചോദിച്ചു.
ഉമര്‍ അക്മലുമായി താന്‍ മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തോട് സമീപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെവിക്കൊണ്ടില്ലെന്ന് ജാവേദ് മിയാന്‍ദാദ് പറഞ്ഞു. തങ്ങളുടെ കരിയറുകള്‍ നശിപ്പിക്കാതിരിക്കുവാന്‍ ആഗ്രഹമുള്ള യുവ താരങ്ങള്‍ ഉമര്‍ അക്മലിന് സംഭവിച്ചതില്‍ നിന്ന് പഠിക്കാവുന്നതേയുള്ളുവെന്നും മിയാന്‍ദാദ് വ്യക്തമാക്കി.