ശ്രീലങ്കയെ 178 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ച അകില ധനന്‍ജയയെ പ്രശംസിച്ച് ലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്. പരമ്പരയില്‍ മുമ്പ് കളിച്ച മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ കടന്നാക്രമിച്ചുവെങ്കിലും 6 വിക്കറ്റുകള്‍ വീഴ്ത്തി ശക്തമായ തിരിച്ചുവരവാണ് താരം അവസാന മത്സരത്തില്‍ നടത്തിയത്. തന്റെ 9 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അകില ധനന്‍ജയയുടെ ഈ നേട്ടം.
അകിലയെ ഉരുക്കിനാല്‍ നിര്‍മ്മിതമെന്നാണ് ആഞ്ചലോ മാത്യൂസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ അകില പന്തെറിയുന്നത് കാണുന്നതാണ്. അതിനാല്‍ തന്നെ ചില മത്സരങ്ങളില്‍ ഫോം മങ്ങിയാലും താരത്തിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു തനിക്ക്. അത് താരം കാത്ത് രക്ഷിക്കുകയും ചെയ്തുവെന്ന് ആഞ്ചലോ മാത്യൂസ് പറഞ്ഞു.
2012ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ അകില ധനന്‍ജയ എന്നാല്‍ ആദ്യ മത്സരത്തില്‍ ഒരു പന്തു പോലും എറിയാനാകാതെ ടീമില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഈ കാലഘട്ടത്തില്‍ താരം തന്റെ ബൗളിംഗില്‍ വൈവിധ്യങ്ങള്‍ ചേര്‍ക്കുകയായിരുന്നുവെന്ന് വേണം ഇപ്പോള്‍ താരത്തിന്റെ ബൗളിംഗ് ശ്രദ്ധിച്ചാല്‍ മനസ്സിലാകുക.
അരങ്ങേറ്റ സമയത്തെയും ഇപ്പോളത്തെയും അകില ധനന്‍ജയയില്‍ ഏറെ വ്യത്യാസമുണ്ടെന്നാണ് ആഞ്ചലോ മാത്യൂസും പറഞ്ഞത്. അകില ഇപ്പോള്‍ ഒരു “മിസ്ട്രി സ്പിന്നര്‍” ഗണത്തില്‍പ്പെടുന്ന താരമാണെന്നാണ് മാത്യൂസ് പറഞ്ഞത്. ഒട്ടനവധി വൈവിധ്യങ്ങളാണ് താരത്തിന്റെ ബൗളിംഗില്‍ ഇപ്പോളുള്ളതെന്നും ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial