എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധികാരിക വിജയം നേടിയതിന് പിന്നാലെ, തന്റെ മാച്ച് വിന്നിംഗ് പ്രകടനം അർബുദത്തോട് പോരാടുന്ന സഹോദരിക്ക് സമർപ്പിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപ്. കഴിഞ്ഞ രണ്ട് മാസമായി അർബുദത്തോട് ധീരമായി പോരാടുന്ന തന്റെ മൂത്ത സഹോദരിക്കാണ് ആകാശ് ഈ വിജയം സമർപ്പിച്ചത്.

പന്ത് കയ്യിലെടുക്കുമ്പോഴെല്ലാം താൻ സഹോദരിയെയും അവരുടെ പോരാട്ടത്തെയും കുറിച്ചാണ് ചിന്തിച്ചിരുന്നതെന്ന് ആകാശ് പറഞ്ഞു.
ഇന്ത്യയുടെ 336 റൺസിന്റെ വിജയത്തിൽ ആകാശ് ദീപ് നിർണായക പങ്കുവഹിച്ചു. ഇരു ഇന്നിംഗ്‌സുകളിലുമായി 10 വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ടിൽ 10 വിക്കറ്റ് നേടുന്ന ചേതൻ ശർമ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് ആകാശ്. ആകാശിന്റെ ഈ പ്രകടനം ഇംഗ്ലണ്ടിന് അവരുടെ ഹോം ഗ്രൗണ്ടിൽ ബാസ്‌ബോൾ യുഗത്തിലെ ഏറ്റവും വലിയ തോൽവി സമ്മാനിക്കാൻ ഇന്ത്യയെ സഹായിച്ചു.
“ഞാനിത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്റെ മൂത്ത സഹോദരിക്ക് കഴിഞ്ഞ രണ്ട് മാസമായി കാൻസറാണ്. അവൾ ഇപ്പോൾ സുഖമായിരിക്കുന്നു, അവൾക്ക് കുഴപ്പമില്ല. എന്റെ പ്രകടനം കണ്ട് അവൾ ഏറ്റവും സന്തോഷവതിയാകുമെന്ന് ഞാൻ കരുതുന്നു. ഈ മത്സരം അവൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണാൻ ഞാൻ ആഗ്രഹിച്ചു.” അദ്ദേഹം പറഞ്ഞു.
“ഇത് നിനക്കുവേണ്ടിയാണ്. ഞാൻ പന്ത് കയ്യിലെടുക്കുമ്പോഴെല്ലാം നിന്റെ മുഖം എന്റെ മനസ്സിലുണ്ടായിരുന്നു. നിന്റെ മുഖത്ത് സന്തോഷം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലാവരും നിനക്കൊപ്പമുണ്ട്.” ആകാശ് പറഞ്ഞു.