2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്തായതും അവർക്ക് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയതുമായ ഐസിസിയുടെ തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി രംഗത്ത്. ഐസിസി സ്വീകരിക്കുന്നത് വിവേചനപരമായ നിലപാടാണെന്നും രാജ്യങ്ങൾക്കിടയിൽ ‘ഇരട്ടത്താപ്പ്’ കാണിക്കുന്നുവെന്നും അഫ്രീദി ആരോപിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാട് തള്ളുകയും എന്നാൽ സമാനമായ കാരണങ്ങളാൽ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്ഥാനിൽ നിന്ന് മാറ്റുകയും ചെയ്തതിനെയാണ് അഫ്രീദി ചോദ്യം ചെയ്തത്.
2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനിലേക്ക് വരാൻ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റാൻ ഐസിസി തയ്യാറായിരുന്നു. എന്നാൽ ബംഗ്ലാദേശ് തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഐസിസി അത് നിരസിക്കുകയാണ് ചെയ്തതെന്ന് അഫ്രീദി ചൂണ്ടിക്കാട്ടി. ഐസിസി പരിശോധനയിൽ ബംഗ്ലാദേശിന് ഇന്ത്യയിൽ വലിയ ഭീഷണികളൊന്നും കണ്ടെത്തിയില്ല എന്ന വാദവും അഫ്രീദി തള്ളി. എല്ലാ രാജ്യങ്ങളോടും നീതി പുലർത്തണമെന്നും പാലങ്ങൾ നിർമ്മിക്കാനാണ് ഐസിസി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരക്രമം മാറ്റുന്നതിനെക്കുറിച്ചുള്ള ഐസിസി ബോർഡ് വോട്ടെടുപ്പിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ലാദേശിനെ പിന്തുണച്ചത്. 14-2 എന്ന നിലയിൽ വോട്ടുകൾ എതിരായതോടെ ബംഗ്ലാദേശിന്റെ ആവശ്യം തള്ളപ്പെടുകയും ഗ്രൂപ്പ് സി-യിൽ അവർക്ക് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഐസിസിയുടെ തീരുമാനത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പരാജയം സമ്മതിച്ചെങ്കിലും, സർക്കാർ കായിക ഉപദേശകൻ ആസിഫ് നസ്റുൽ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ ബംഗ്ലാദേശ് ഔദ്യോഗികമായി ടൂർണമെന്റിൽ നിന്ന് പുറത്തായി.









