അഫ്ഗാനിസ്ഥാനോട് ഏകദിനത്തിലും പരാജയപ്പെട്ട് സിംബാബ്‍വേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ന് സിംബാബ്‍വേ 154 റണ്‍സിന്റെ തോല്‍വി ആണ് വഴങ്ങിയത്. റഹ്മത്ത് ഷാ നേടിയ ശതകത്തിന്റെയും നജീബുള്ള സദ്രാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 333/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 34.4 ഓവറില്‍ 179 റണ്‍സിനു ഓള്‍ഔട്ട് ആയി.
മികച്ച തുടക്കത്തിനു ശേഷം ഗ്രെയിം ക്രെമര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും റഹ്മത്ത് ഷാ(114)-നജീബുള്ള സദ്രാന്‍(81*) കൂട്ടുകെട്ട് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 110 പന്തില്‍ നിന്ന് 8 ബൗണ്ടറിയുടെയും 4 സിക്സുകളുടെയും സഹായത്തോടെ റഹ്മത്ത് ഷാ 114 റണ്‍സ് നേടി പുറത്തായത്. 51 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ പുറത്താകാതെ 81 റണ്‍സ് നേടിയത്. 5 വീതം ബൗണ്ടറിയും സിക്സുമാണ് താരം പറത്തിയത്.
ഇഹ്സാനുള്ള ജനത്(54), മുഹമ്മദ് ഷെഹ്സാദ്(36), നസീര്‍ ജമാല്‍(31) എന്നിവരും അഫ്ഗാനു വേണ്ടി റണ്‍ കണ്ടെത്തി. ഗ്രെയിം ക്രെമര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ സിംബാബ്‍വേയുടെ മികച്ച മുഹൂര്‍ത്തമെന്ന് പറയാവുന്നത്.
തിരിച്ച് ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയെ റഷീദ് ഖാന്റെ നാല് വിക്കറ്റ് നേട്ടമാണ് പിന്നോട്ടടിച്ചത്. മുജീബ് സദ്രാന്‍ രണ്ടും ദവലത് സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 34 റണ്‍സ് നേടിയ സോളമന്‍ മീര്‍ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. ക്രെയിഗ് എര്‍വിന്‍ 33 റണ്‍സ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial