ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. ഇതോടു കൂടി പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ 159 റണ്‍സ് നേടേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നലെ സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റിന്റെ വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അഞ്ച് ഏകദിന മത്സരങ്ങള്‍ക്ക് മുമ്പുള്ള ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെതന്നെ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 26 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ നബി 2 ബൗണ്ടറിയും 4 സിക്സും നേടി. കരീം സാദിക്(28), നജീബുള്ള സദ്രാന്‍(24), അസ്ഗര്‍ സ്റ്റാനിക്സായി(14 പന്തില്‍ 27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അവസാന ഓവര്‍ എറിഞ്ഞ കൈല്‍ ജാര്‍വിസ് രണ്ട് വിക്കറ്റ് വീഴ്ത്തി അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന്റെ സ്കോറിംഗ് നിരക്ക് കുറയ്ക്കുകയായിരുന്നു.
സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര മൂന്നും ബ്ലെസ്സിംഗ് മുസര്‍ബാനി, ഗ്രെയിം ക്രെമര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial