അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ നിയമം തെറ്റിച്ച അഫ്ഗാൻ താരം ഷഫീഖുള്ള ഷഫാഖിന് 6 വർഷത്തെ വിലക്ക്. 2018ൽ നടന്ന പ്രഥമ അഫ്ഗാൻ പ്രീമിയർ ലീഗിലും 2019ലെ ബി.പി.എല്ലിലും താരം അഴിമതി വിരുദ്ധ നിയമം തെറ്റിച്ചതോടെയാണ് താരത്തിനെതിരെ കടുത്ത നടപടി ഉണ്ടായത്. അഴിമതി വിരുദ്ധ നിയമത്തിലെ നാല് നിയമങ്ങൾ താരം തെറ്റിച്ചുവെന്ന് സമിതി കണ്ടെത്തുകയായിരുന്നു.
പണം വാങ്ങി മത്സരം ഫലം മാറ്റാൻ വേണ്ടി താരം ശ്രമിച്ചുവെന്നാണ് അഴിമതി വിരുദ്ധ സമിതിയുടെ കണ്ടെത്തൽ. വാതുവെപ്പുകാർ തന്നെ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ താരം അറിയിക്കുകയും ചെയ്തിരുന്നില്ല. അഫ്ഗാനിസ്ഥാന് വേണ്ടി 24 ഏകദിന മത്സരങ്ങളും 46 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഷഫീഖുള്ള ഷഫാഖ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് താരം അവസാനമായി അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചത്.