ബാറ്റിംഗില്‍ 15 പന്തില്‍ 40 റണ്‍സ് നേടിയ മുഹമ്മദ് നബി ബൗളിംഗിലും രണ്ട് വിക്കറ്റുമായി കസറിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45 റണ്‍സിന്റെ വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് കരീം ജനത്(53), ഉസ്മാന് ഖനി(49), മുഹമ്മദ് നബി(40) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 193 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയ്ക്ക് 17.1 ഓവറില്‍ 148 റണ്‍സേ നേടാനായുള്ളു. റയാന് ബര്ള് 29 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം ഇല്ലാതെ പോയത് ടീമിന് തിരിച്ചടിയായി. ഡൊണാള്‍ഡ് ടിരിപാനെ 14 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ താരിസായി മുസ്കാണ്ട(22), റിച്ച്മണ്ട് മുടുംബാമി(21) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.
അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന് മൂന്നും നവീന്‍ ഉള് ഹക്ക്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.