ഏറെ മോശം കാലഘട്ടത്തിലൂടെയായിരുന്നു ആരോണ്‍ ഫിഞ്ച് അടുത്ത കാലത്തായി ബാറ്റ് വീശിയിരുന്നത്. 15ലധികം ഇന്നിംഗ്സുകളില്‍ ഒരു വലിയ സ്കോര്‍ നേടാനാകാതെ പോയ ഫിഞ്ച് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പരമ്പരയിലാണ് ഫോം കണ്ടെത്തിയത്. ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷമാണ് താരം വീണ്ടും ഫോമിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെതിരെ ഏകദിനങ്ങള്‍ കളിക്കാന്‍ തയ്യാറായപ്പോള്‍ കളി മാറി.
ശതകങ്ങളുടം അര്‍ദ്ധ ശതകങ്ങളും അടിച്ച് കൂട്ടി ഫിഞ്ച് പരമ്പരയില്‍ റണ്‍ വാരിക്കൂട്ടുകയായിരുന്നു. രണ്ട് ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ ഫിഞ്ച് രണ്ട് അര്‍ദ്ധ ശതകങ്ങളും നേടി. 116, 153*, 90, 39, 53 എന്നിങ്ങനെയുള്ള സ്കോറുകളാണ് ഫിഞ്ച് പരമ്പരയില്‍ സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തിനിടെ താരം 4000 ഏകദിന റണ്‍സ് തികച്ചു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 4000 റണ്‍സ് തികയ്ക്കുന്ന വേഗതയേറിയ മൂന്നാമത്തെ താരമാണ് ഫിഞ്ച്. 105 ഇന്നിംഗ്സുകളില്‍ നേട്ടം പൂര്‍ത്തിയാക്കിയ ഫിഞ്ചിനെക്കാള്‍ കുറവ് ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിച്ചത് ഡേവിഡ് വാര്‍ണറും(93) ഡീന്‍ ജോണ്‍സുമാണ്(102).