സയ്യിദ് മുഷ്താഖലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിനെതിരെ കൂടെ വിജയിച്ച് കേരളം തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇന്ന് 132 റൺസിനാണ് കേരളം വിജയിച്ചത്. കേരളം ഉയർത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടർന്ന സിക്കിം വെറും 89/9 റൺസ് എടുക്കാനെ ആയുള്ളൂ. 26 റൺസ് നേടിയ അങ്കുർ സിക്കിമിന്റെ ടോപ് സ്കോറർ ആയത്. കേരളത്തിനായി മനു കൃഷ്ണൻ, സിജോമോൻ, മിഥുൻ പി കെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ, സുരേഷ് എന്നിവർ ഒരു വിക്കറ്റു വീതവും വീഴ്ത്തി.
ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തിരുന്നു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.
43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.
ഇതുവരെ കളിച്ച 5 മത്സരങ്ങളും വിജയിച്ച കേരളം 20 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.