ഏകദിനത്തിൽ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് ബൗളറായി ഷാക്കിബ് അൽ ഹസൻ. ചാറ്റോഗ്രാമിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ രെഹാൻ അഹമ്മദിന്റെ വിക്കറ്റാണ് ഷാകിബിന്റെ മുന്നൂറാം വിക്കറ്റ് ആയത്. 2006ൽ ഹരാരെയിൽ എൽട്ടൺ ചിഗുംബുരയെ വീഴ്ത്തിയപ്പോഴാണ് ഷാക്കിബ് തന്റെ ആദ്യ ഏകദിന വിക്കറ്റ് നേടിയത്.
സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി എന്നിവർക്കൊപ്പം ഏകദിനത്തിൽ 6,000 റൺസിന് മുകളിൽ റൺസും 300-ലധികം വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ മാത്രം ഓൾറൗണ്ടറായും ഷാക്കിബ് മാറി. 2021-ൽ ഷാക്കിബ് തന്റെ 270-ാം വിക്കറ്റ് നേടിയതു മുതൽ ഷാകിബ് ആണ് ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വിക്കറ്റ് ടേക്കർ. ടെസ്റ്റിൽ 231 വിക്കറ്റ് ടി20യിൽ 128 വിക്കറ്റും ഷാകിബ് നേടിയിട്ടുണ്ട്.